ruqyah

റുഖിയ്യ

ജിന്ന്, പിശാച് തുടങ്ങിയവയുടെ ഉപദ്രവങ്ങളാലും അസൂയാലുക്കളുടെയും കണ്ണേറുകാരുടെയും ദുഷ് പ്രവര്‍ത്തനങ്ങളാലും ആഭിചാര ക്രിയകള്‍ക്കും ദുര്‍മന്ത്രവാദങ്ങള്‍ക്കും ഇരയായവരെയും കഠിനമായ ശാരീരിക മാനസിക രോഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടവര്‍ക്കും മറ്റ് ചെറുതും വലുതുമായ പ്രയാസങ്ങള്‍ക്കും ഖുര്‍ആനിക വചനങ്ങളും ദുആകളും അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളും മുഖേനയുള്ള ഇസ്ലാമിക ചികിത്സ രീതിയാണ് റുഖിയ്യ:
റുഖിയ്യ:യുടെ ഇനങ്ങള്‍
  • റുഖിയ്യ ശറഇയ്യ: (അനുവദിക്കപ്പെട്ട രൂപം)
  • റുഖിയ്യ ശിര്‍ക്കിയ്യ: (വിലക്കപ്പെട്ട രൂപം)

റുഖിയ്യ ശറഇയ്യ

ഇസ്ലാമിക ശരീഅത്ത് അനുവദിച്ചിട്ടുള്ളതും ശിര്‍ക്ക്, കുഫ്ര്‍, ബിദ്അത്ത് എന്നിവ കലരാത്തതുമായ ചികിത്സ രീതിയാണ് റുഖിയ്യ ശറഇയ്യ: ഇസ് ലാമിക പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് 3 നിബന്ധനകള്‍ റുഖിയ്യ ശറഇയ്യ:യില്‍ പാലിക്കേണ്ടതാണ്.
  • ഖുര്‍ആന്‍, അല്ലാഹുവിന്റെ പരിശുദ്ധ നാമഗുണങ്ങള്‍ അല്ലെങ്കില്‍ റസൂല്‍ (സ. അ.)യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്ന കാര്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടാണ് റുഖിയ്യ ശറഇയ്യ: ചെയ്യേണ്ടത്.
  • അറബി ഭാഷയിലോ അര്‍ത്ഥമറിയുന്ന ഭാഷകളിലോ ആയിരിക്കണം ചികിത്സ നടത്തേണ്ടത്.
  • അല്ലാഹുവിന് മാത്രമേ രോഗശമനം നല്കാന്‍ സാധിക്കുകയുള്ളൂ എന്നും റുഖിയ്യയില്‍ ഓതപ്പെടുന്ന വചനങ്ങള്‍ക്കും മന്ത്രിക്കുന്ന വ്യക്തിക്കും സ്വമേധയാ രോഗശമനത്തിനുള്ള കഴിവില്ല എന്ന യാഥാര്‍ത്ഥ്യം ചികിത്സകനും രോഗിക്കും ബോധ്യമുണ്ടായിരിക്കണം.
كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا: يَا رَسُوْلَ اللهِ، كَيْفَ تَرَى فِي ذَلِكَ؟
فَقَالَ: اعْرِضُوْا عَلَيَّ رُقَاكُمْ لاَ بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيْهِ شِرْكٌ

ഞങ്ങള്‍ ജാഹിലിയ്യ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ! അതേക്കുറിച്ച് അങ്ങ് എന്താണ് പറയുന്നത്? അവിടുന്ന് പറഞ്ഞു: നിങ്ങളുടെ മന്ത്രം എനിക്ക് കാണിച്ച് തരൂ. മന്ത്രംകൊണ്ട് തെറ്റില്ല. അതില്‍ ശിര്‍ക്ക് ഇല്ലാത്ത കാലത്തോളം. (മുസ്ലിം, ഹദീസ് നമ്പര്‍ 2200)

ശിര്‍ക്കിന്റെ യാതൊരുവിധ അംശവും കലരാത്ത മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് പ്രയാസമനുഭവിക്കുന്നവരെ ചികിത്സിക്കാമെന്ന് മേല്പറഞ്ഞ ഹദീസിലൂടെ മനസിലാക്കാവുന്നതാണ്.

റുഖിയ്യ ശിര്‍ക്കിയ്യ

ഖുര്‍ആനും ഹദീസും വിരോധിച്ചിട്ടുള്ളതും ശിര്‍ക്ക്, കുഫ്ര്‍, ബിദ്അത്ത് എന്നിവ കലര്‍ന്നതുമായ രീതിയിലുളള ചികിത്സകളെയാണ് റുഖിയ്യ ശിര്‍ക്കിയ്യ: എന്നു പറയുന്നത്. ദുര്‍മന്ത്രവാദികള്‍, ജ്യോതിഷികള്‍, ഹോമവും പൂജയും നടത്തുവര്‍, വശീകരണയന്ത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങി ഇസ്ലാമിക ശരീഅത്ത് വിരോധിച്ച ഏതൊക്കെ രീതികളുണ്ടോ അതെല്ലാം തന്നെ റുഖിയ്യ ശിര്‍ക്കിയ്യ:യാണന്നാണ് പണ്ഡിതാഭിപ്രായം.

സിഹ്റ്, ജിന്നുബാധ, കണ്ണേറ്

ഭൗതികമായ ചികിത്സ മുഖേന പരിഹാരം കിട്ടാത്ത വിവിധ ലക്ഷണങ്ങള്‍ സിഹ്റിന്ന് ഇരയായതിന്റെയും ജിന്ന് ബാധിച്ചതിന്റെയും കണ്ണേറ് തട്ടിയതിന്റെയും അടയാളങ്ങളാണ്. ചിലയാളുകളില്‍ നിരന്തരമായ കടുത്ത പനിയും അത്തരം പനി ചിലപ്പോള്‍ മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുക. മറ്റ് ചിലരില്‍ വിട്ടുമാറാത്ത തലവേദനയാണ് കാണപ്പെടാറുള്ളത്. പൈശാചിക ബാധക്ക് ഇരയായ ആളുകള്‍ക്ക് നീണ്ടുനില്ക്കുന്ന കടുത്ത ക്ഷീണം ഉണ്ടാകാറുണ്ട്. ആരോഗ്യവാനായിരിക്കെ കഠിനമായ കഫക്കെട്ടും തൊണ്ടവേദനയും അല്ലെങ്കില്‍ ദുഷിച്ച മണത്തോടുകൂടിയ മൂക്കൊലിപ്പും ചിലര്‍ക്ക് അനുഭവപ്പെടും. വേറെ ചിലര്‍ക്കാകട്ടെ മസില്‍ വേദനയും മരവിപ്പും നിരന്തരമായി അനുഭവപ്പെടും. ഇതുകൂടാതെ മാനസിക പ്രശ്നങ്ങള്‍, ഭയപ്പെടുത്തുന്ന ദു:സ്വപ്നങ്ങള്‍, ദുഷ്ചിന്തകള്‍, ഹൃദയഭാഗത്ത് കഠിനമായ വീര്‍പ്പുമുട്ടല്‍ തുടങ്ങിയവും മേല്പ്പറഞ്ഞതിന്റെ ലക്ഷണങ്ങളാണ്.

സിഹ്റ്, ജിന്നുബാധ, കണ്ണേറ് എന്നിവയ്ക്ക് ഇരയായവരില്‍ സാധാരണയായി അനുഭവപ്പെടുന്ന ഏതാനും കാര്യങ്ങളാണ് വിവരിക്കുന്നത്.
അസാധാരണമായ വികാരങ്ങള്‍
  • തന്നെ ആരോ നിരന്തരം വീക്ഷിക്കുന്നുണ്ടെന്ന ചിന്ത
  • തന്നെ ആരോ നിരന്തരം പിന്തുടരുന്നു എന്ന ചിന്ത
  • തന്നെ ആരോ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നുണ്ടെന്ന ചിന്തയോ തന്നെ വരിഞ്ഞുമുറുക്കുന്നതായി തോന്നുകയോ ചെയ്യുക.
  • ചുറ്റുമുള്ള മറ്റുള്ളവര്‍ കേള്‍ക്കാത്ത ഭയപ്പെടുത്തുന്ന ശബ്ദങ്ങളും സംസാരങ്ങളും അനുഭവപ്പെടുക.
  • പേടിപ്പെടുത്തുന്ന രൂപങ്ങള്‍ പ്രത്യക്ഷപ്പെടുക, അവ തന്നെ ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കുന്നുവെന്ന തോന്നലുകള്‍ ഉണ്ടാകുക.
ജീവിതരംഗത്ത് നിരന്തര പ്രതിസന്ധികള്‍
  • ജോലിയില്‍ പ്രതിസന്ധി
  • പഠനത്തിനോട് താത്പര്യം നഷ്ടപ്പെടല്‍
  • വൈവാഹികജീവിതത്തിലെ നിരന്തര പൊരുത്തക്കേടുകള്‍
  • ബിസിനസിലും സാമ്പത്തിക ഇടപാടുകളിലും പരാജയം
  • കുടുംബബന്ധങ്ങളിലും സുഹൃത്ബന്ധങ്ങളിലും തെറ്റിപ്പിരിയല്‍
അസാധാരണമായ ആരോഗ്യപ്രശ്നങ്ങള്‍
  • ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ വിവരിക്കാനാകാത്ത വേദന
  • ശരീരത്തില്‍ പാടുകളും കലകളും വിട്ടുമാറാത്ത ചൊറിയും ഉണ്ടാകുക
  • സന്താനമില്ലായ്മയോ ലൈംഗിക മരവിപ്പോ അനുഭവപ്പെടല്‍
  • അനാവശ്യമായി മറ്റുള്ളവരോട് ദേഷ്യം പ്രകടിപ്പിക്കുക
  • കാരണംകൂടാതെ ദു:ഖിച്ചിരിക്കുക
  • പെട്ടെന്ന് ഓര്‍മ്മശക്തിയില്ലാതാവുക
  • എല്ലാ സമയത്തും കടുത്ത ക്ഷീണം അനുഭവപ്പെടുക
ഉറക്കത്തില്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളും രൂപങ്ങളും കാണുക
  • ദുസ്വപ്നങ്ങള്‍ നിരന്തരമായി കാണുക
  • നായയെ,മറ്റു ജീവികളെ നിരന്തരമായി സ്വപ്നം കാണുക
  • മുഖംമൂടി ധാരികളെ കാണുക
  • ഖബറിസ്ഥാനും മരണപ്പെട്ട ആളുകളെയും കാണുക
  • മലകളും കയറ്റങ്ങളും ഇറക്കങ്ങളും പറക്കുന്നതും കാണുക
  • തീയും തീപ്പിടുത്തവും സ്വപ്നത്തില്‍ ദര്ശിാക്കുക